2013 ജൂലൈ 10, ബുധനാഴ്‌ച

ശ്വേതയുടെ പ്രസവത്തിലേക്ക് ഒരു എത്തിനോട്ടം....

ശ്വേത പെറ്റെന്ന് കേള്‍ക്കുന്പോഴേക്കും ആളുകള്‍ ഇങ്ങനെ കയര്‍ എടുക്കാന്‍ ഓടുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. ഇന്നത്തെ കേരള സാമൂഹിക രംഗത്തെ മികച്ച ചര്‍ച്ചാവിഷയമാണ് ശ്വേതയുടെ പ്രസവും അതിന്‍െറ ചിത്രീകരണവും. എത്രയോ സിനിമകളില്‍ നായികമാരുടെ പ്രസവസീനുകള്‍ കാണിക്കുന്നുണ്ട്. അവിടെയെല്ലാം നടി അഭിനയിക്കുകയാണ്. എന്നാല്‍ ബ്ലെസിയുടെ കളിമണ്ണ് എന്ന സിനിമയില്‍ കുറച്ചുകൂടി റിയാലിറ്റിക്ക് വേണ്ടിയാകണം യഥാര്‍ത്ഥ പ്രസവരംഗം ക്യാമറയില്‍ പകര്‍ത്തിയത്. അതിന് നടി ശ്വേതക്കോ അവരുടെ ഭര്‍ത്താവിനോ ഇഷ്ടക്കേടില്ലെങ്കില്‍ ബാക്കി ഉളളവര്‍ക്ക് എന്ത് ഛേദം? ഇനി ബുദ്ധിമുട്ടുളളവര്‍ ആ സിനിമ കാണേണ്ട. തീര്‍ന്നില്ലേ പ്രശ്നം. അല്ലാതെ ഇതൊരു ആഗോള പ്രശ്നമാക്കേണ്ട വല്ല കാര്യവുമുണ്ടോ?

ഭദ്രന്‍ സംവിധാനം ചെയ്ത അയ്യര്‍ ദി ഗ്രേറ്റ് എന്ന ചിത്രത്തിനുവേണ്ടി, പെരുമണ്‍ ട്രെയിന്‍ ദുരന്തം നടന്നപ്പോള്‍ ദുരന്തമുഖത്തിന്‍െറ ചില വിഷ്വലുകള്‍ പകര്‍ത്തുകയും അവ ചിത്രത്തില്‍ ഉപയോഗിക്കുകയും ചെയ്തതായി കേട്ടിട്ടുണ്ട്. അതുപോലെ ഇതിനേയും മറ്റൊരു ‘ദുരന്ത’മായി കണക്കാക്കിയാല്‍ തീരുന്ന പ്രശ്നങ്ങളേ ഉളളൂ!ഇവിടെ ഒരു സെന്‍സര്‍ ബോര്‍ഡ് ഉണ്ട്. അതിന് ചില നിബന്ധനകള്‍ ഉണ്ട്. സെന്‍സര്‍ബോര്‍ഡിന്‍െറ നിബന്ധനകള്‍ക്കനുസരിച്ച് മാത്രമേ ചിത്രം റിലീസ് ചെയ്യാനാകൂ. കളിമണ്ണ് എന്ന ഈ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. അതില്‍ സംവിധായകന്‍ എങ്ങനെയാണ്, എന്തൊക്കെയാണ് അവതരിപ്പിക്കുന്നത് എന്നുപോലും ആരും കണ്ടിട്ടില്ല. പിന്നെ എന്തിന് ഈ വിഷയത്തില്‍ ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ നടത്തണം? ഇതിനെ ഒരു സാംസ്കാരിക അപചയമായി കണ്ട് വിമര്‍ശിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കിയാല്‍ നന്ന്. കളിമണ്ണ് എന്ന ചിത്രം ഡിസ്കവറി ചാനലില്‍ പ്രദര്‍ശിപ്പിക്കുവാനുളള ഡോക്ക്യുമെന്‍ററി അല്ല. സാധാരണ ജനങ്ങള്‍ കുടുംബത്തോടൊപ്പം തീയേറ്ററില്‍ പോയി കാണാനുളള ഒരു കോമേഴ്സ്യല്‍ സിനിമയാണ്. ഈ അറിവ് തന്മാത്ര, ഭ്രമരം, പ്രണയം, കാഴ്ച തുടങ്ങിയ മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ബ്ലെസിക്ക് നന്നായി അറിയാം.അതിനാല്‍ അനാവശ്യ വിമര്‍ശനം നടത്തുന്നവര്‍ ചിത്രം റിലീസ് ചെയ്യുന്നതുവരെയെങ്കിലും കാത്തിരിക്കുക. അല്ലാതെ ശ്വേത പെറ്റെന്ന് കേള്‍ക്കുന്പോഴേക്കും ഓടിപ്പോയി കയര്‍ എടുക്കാതിരിക്കൂ….

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ