2012, ജൂലൈ 19, വ്യാഴാഴ്‌ച

ചില ഷവര്‍മ്മ ചിന്തകള്‍



ഓരോ പ്രദേശത്തേയും കാലാവസ്ഥക്കും കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കും അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അതാത് പ്രദേശങ്ങളിലെ പ്രകൃത്യാലുളള ആഹാരങ്ങള്‍ പലപ്പോഴും ഔഷധമാകാറുണ്ട്. ഉദാഹരണത്തിന് കേരളത്തിലെ കാലാവസ്ഥ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് കേരളത്തില്‍ സുലഭമായി ലഭിക്കുന്ന കരിക്കിന്‍ വെളളം കഴിക്കുന്നത് നന്നെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ അതികഠിനമായ ചൂടുളള അറേബ്യന്‍ രാജ്യങ്ങളില്‍ കാലാവസ്ഥാനുസൃതമായി ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് മികച്ച ഔഷധമാണ് അവിടങ്ങളില്‍ കാണുന്ന ഈന്തപ്പഴം. ചുരുക്കത്തില്‍ ഓരോ പ്രദേശത്തേയും കാലാവസ്ഥക്ക് അനുസരിച്ചുളള ആഹാരങ്ങള്‍ നമുക്ക് പ്രകൃത്യാല്‍ തന്നെ ലഭിക്കുന്നുണ്ട്. 
കേരളത്തിന്‍െറ തനത് ഭക്ഷണങ്ങളായ കപ്പയും നാടന്‍ മത്സ്യക്കറികളും കരിക്കിന്‍വെളളവും കേരളീയ സദ്യയുമൊക്കെ വിദേശികള്‍ക്ക് പോലും പ്രിയങ്കരമാണ്. ജനിച്ച നാട്ടില്‍ നിന്നും അകന്ന് പ്രവാസത്തിന്‍െറ കൊടുംചൂടില്‍ കഴിയുന്ന എന്നെപ്പോലെയുളളവരില്‍ സത്യത്തില്‍ അത്തരം ഭക്ഷണങ്ങള്‍ ഒരു നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നു. എന്നാല്‍ കേരളത്തിലെ ഇന്നത്തെ കോര്‍പ്പറേറ്റ് യുവതലമുറ ഷവര്‍മ്മ (ശവ ര്‍മ്മ എന്നും പറയാം!)പോലുളള ഫാസ്റ്റ് ഫുഡിനെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. ഈ ഷവര്‍മ്മ അറേബ്യന്‍ ഫുഡാണ്. എരി ചേര്‍ക്കാതെ പുഴുങ്ങിയ മാംസം ഇളം ചൂടില്‍ വേവിച്ച് കുബ്ബൂസിനുളളില്‍ പൊതിഞ്ഞ് തരുന്നു. മുളക് കാണുന്പോള്‍ തന്നെ എരിയുന്ന അറബികള്‍ക്ക് ആ ആഹാരം ചേരും. കേരളത്തില്‍ അഴുകിയ ചിക്കന്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഷവര്‍മ്മ കഴിച്ച് യുവാവ് മരിച്ച സംഭവം നമ്മില്‍ ഉണര്‍ത്തിയ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല.നാടന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി മലയാളി കോര്‍പ്പറേറ്റ് സമൂഹം ഇത്തരം ഭക്ഷണങ്ങളുടെ പുറകെ പോകുന്നത് ഒരു തരം ജാഡ കാണിക്കല്‍ അല്ലെ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ