ഇ റീഡിംഗ്


1.ടെന്‍ഷന്‍  ടെന്‍ഷന്‍  ടെന്‍ഷന്‍  ടെന്‍ഷന്‍
ടെന്‍ഷന്‍ സര്‍വവ്യാപിയാണ്. കൃത്യമായ അളവില്‍ അത് ഉത്തേജിപ്പിക്കും... ചോദിപ്പിക്കും. അതിരു വിട്ടാല്‍ അത് വ്യക്തിയെ തളര്‍ത്തും... തകര്‍ക്കും. ആധികള്‍ മിടുക്കരെ മണ്ടന്മാരാക്കും. പഠിക്കുന്ന കുട്ടി പഠിക്കാത്ത കുട്ടിയായി മാറും. ഉര്‍ജസ്വലനായ പണിക്കാരന്‍ പരാജയപ്പെട്ടവനായി മാറും. വിജയിക്കുന്ന കളി കൈവശമുണ്ടെങ്കിലും കളിക്കളത്തില്‍ കളിക്കാരന്‍ തോറ്റുകൊണ്ടേയിരിക്കും. അഭിനയശേഷിയുള്ളവന്‍ അത് പ്രകടിപ്പിക്കാനാവാതെ കുഴങ്ങാം. അതിരുവിടുന്ന ടെന്‍ഷന്‍ ആത്മവിശ്വാസത്തെ തകര്‍ക്കും. വിഷാദം വിതയ്ക്കും. തല്ലുന്ന ടെന്‍ഷന്‍ ഒടുവില്‍ കൊല്ലുകയും ചെയ്യും... അതിനാല്‍ ജാഗ്രത... ടെന്‍ഷനെ തുരത്താം...
ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് മാനസികസംഘര്‍ഷവും അതു മൂലമുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നത് എന്നു പറയാറുണ്ട്. എന്നാല്‍, അതിനപ്പുറം വ്യക്തിത്വസവിശേഷതകള്‍ക്കും ഇക്കാര്യത്തില്‍ പ്രാധാന്യമേറെയുണ്ട്
ഏതു രംഗത്തായാലും കാര്യക്ഷമതയെ കാര്‍ന്നുതിന്നുന്ന വില്ലനാണ് ടെന്‍ഷന്‍. എന്നുവെച്ച് ടെന്‍ഷനേ വേണ്ടെന്നുണ്ടോ? ജീവിതത്തെ ഉഷാറാക്കാനുള്ള പ്രേരണയായി ഒരല്‍പം ആധിയൊക്കെ വേണം. എന്നാല്‍ അതിരുവിട്ടാല്‍ അപകടമാണ്. ജീവിതത്തിന്റെ സ്ഥായീഭാവംതന്നെ ടെന്‍ഷനായാലും കുഴപ്പമാണ്. ഹാവൂ, എന്തൊരു ടെന്‍ഷനെന്ന് ഇടയ്‌ക്കൊക്കെ ചുമ്മാ ചൊല്ലുന്നതും ഒരു ഫാഷനായിരിക്കുന്നു. ടെന്‍ഷനില്ലായ്മയാണെന്റെ ടെന്‍ഷനെന്ന മട്ടില്‍ നടക്കുന്ന കുഴിമടിയന്മാരുമുണ്ട്. എന്തായാലും എല്ലാവര്‍ക്കും ഈ മാനസികഭാവം സുപരിചിതം.


  • ടെന്‍ന്‍ അകറ്റാന്‍ ചില മാര്‍ഗ്ഗങ്ങള്‍
1.    സ്വയം വിശകലനം ചെയ്യുക
പോസറ്റീവായ പ്രതികരണങ്ങളിലൂടെ ടെന്‍ഷനെ അതിജീവിക്കാന്‍ കഴിയും. എന്താണ് ടെന്‍ഷന്റെ കാരണമെന്ന് സ്വയം വിശകലനം ചെയ്യുക. ടെന്‍ഷന്റെ മൂലകാരണം എന്താണെന്ന തിരിച്ചറിവുതന്നെ പലപ്പോഴും സമ്മര്‍ദം കുറയ്ക്കും. ഏതെങ്കിലും തരത്തില്‍ പരിഹരിക്കാവുന്നതാണെങ്കില്‍ അതിനുശ്രമിക്കുകയും ചെയ്യുന്നതോടെ ടെന്‍ഷന്‍ ഒഴിവാകുകയും ചെയ്യും. പരിഹാരം എളുപ്പമല്ലാത്ത കാര്യമാണെന്നു തോന്നിയാല്‍ ഏറ്റവും വിശ്വസ്തതയുള്ള സുഹൃത്തുമായി പ്രശ്‌നം പങ്കിടുക. തുറന്നുപറയാനുള്ള മനസ്സും സ്വയം വിശകലനംചെയ്യാന്‍ തയ്യാറുമുള്ളവര്‍ക്ക് എളുപ്പം ടെന്‍ഷന്‍ അതിജീവിക്കാനാകും.
2.
    നെടുവീര്‍പ്പിടുക
എന്തെങ്കിലും മനപ്രയാസമുണ്ടാകുമ്പോള്‍ സ്വയമറിയാതെ നാം നെടുവീര്‍പ്പിടാറുണ്ട്. നെടുവീര്‍പ്പിലൂടെ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ കൂടുതല്‍ ഓക്‌സിജന്‍ ഉള്ളിലെത്തുകയും അത് ശരീരകോശങ്ങള്‍ക്ക് ചെറിയതോതില്‍ ആശ്വാസം നല്‍കുകയും ചെയ്യും.
3.
    ശ്വസനവ്യായാമങ്ങള്‍
ശാന്തമായി ഒരിടത്ത് സ്വസ്ഥമായി നിവര്‍ന്നിരിക്കുക. വായതുറന്ന് ശ്വാസം പൂര്‍ണമായി ഊതി പുറത്തുകളയുക. ഏതാനും സെക്കന്റ് നേരത്തേയ്ക്ക് ശ്വാസം ഉള്ളിലേയ്‌ക്കെടുത്ത് നിറയ്ക്കുക.
ഉള്ളില്‍ ശ്വാസംനിറഞ്ഞുകഴിഞ്ഞാല്‍ വായ തുറന്ന് സാവധാനം ശ്വാസം പുറത്തേയ്ക്ക് ഊതിവിടുക. എത്ര സെക്കന്റ് നേരം കൊണ്ടാണോ ശ്വാസം എടുത്തത് അതിന്റെ ഇരട്ടിനേരംകൊണ്ടുവേണം ശ്വാസം പുറത്തേയ്ക്കുവിടുന്നത്. എട്ടോ പത്തോ തവണ ഇങ്ങനെ ശ്വാസോച്ഛ്വാസം ചെയ്യുക.
4.
    . പ്രാണായാമം
നാഡീശുദ്ധീപ്രാണായാമം: ച്രമംപടിഞ്ഞ് നിവര്‍ന്നിരിക്കുക. ഉള്ളിലെ ശ്വാസം പൂര്‍ണമായി ഉച്ച്വസിച്ചുകളയുക. വലതുകയ്യുടെ പെരുവിരല്‍കൊണ്ട് മൂക്കിന്റെ വലത്തെ ദ്വാരം അടച്ച് ഇടത്തെ മൂക്കിലൂടെ സാവധാനത്തില്‍ ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞാല്‍ മൂക്കിന്റെ ഇടത്തെ ദ്വാരം അടച്ച് വലതുമൂക്കിലൂടെ സാവധാനത്തില്‍ ശ്വാസം പുറത്തുവിടുക. ശ്വാസം ഉള്ളിലേയ്‌ക്കെടുത്തതിന്റെ ഇരട്ടി സമയംകൊണ്ടാണ് ശ്വാസം പുറത്തുവിടേണ്ടത്. വീണ്ടും മൂക്കിന്റെ ഇടത്തെദ്വാരം അടച്ചുപിടിച്ച് വലതുദ്വാരത്തിലൂടെ ശ്വാസം പുറത്തുവിടുകയും ചെയ്യുക. ഇങ്ങനെ നാലുതവണ ചെയ്യുമ്പോള്‍ ഒരു പ്രാണായാമമായി. സാവധാനം ഇത് അഭ്യസിച്ചുതുടങ്ങി ക്രമേണ 12 പ്രാണായാമംവരെ ചെയ്യുക.

ശീതളീപ്രാണായാമം:
ചമ്രംപടിഞ്ഞ് നിവര്‍ന്നിരുന്ന് നാവ് കുഴല്‍പോലെ ചുരുട്ടി വായിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. ഉള്ളില്‍ ശ്വാസം നിറഞ്ഞുകഴിഞ്ഞാല്‍ ഏതാനും സെക്കന്റ് ശ്വാസം ഉളളില്‍ നിര്‍ത്തിയശേഷം രണ്ട് നാസാദ്വാരങ്ങളിലൂടെയും സാവധാനം പുറത്തുവിടുക. ഇത് ഒരു പ്രാണായാമമാണ്. ഇങ്ങനെ ആറുതവണ ചെയ്യാം.
5.
    പാട്ടുകേള്‍ക്കാം..പാടാം
ടെന്‍ഷന്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല ഉപായമാണ് സംഗീതം. ടെന്‍ഷനകറ്റാന്‍ പ്രത്യേകം ചിട്ടപ്പെടുത്തിയ സംഗീതകൃതികള്‍ ഇപ്പോള്‍ ലഭ്യമാണ്. പാട്ടുകേള്‍ക്കുന്നതിനേക്കാള്‍ ആശ്വാസദായകമാണ് അല്‍പം ഉറക്കെ പാട്ടുപാടുന്നത്. കുളിമുറിയില്‍ കയറുമ്പോള്‍ പലരും പാട്ടുപാടാന്‍ കാരണം അവിടെ തികഞ്ഞ സ്വാതന്ത്ര്യത്തോടെ പാടുമ്പോള്‍ മനസ്സിനുണ്ടാകുന്ന ലാഘവമാണ്.
6.
    പ്രാര്‍ഥന
ജീവിതത്തിലെ ഒറ്റപ്പെടലിന്റെയും വാര്‍ധക്യത്തിന്റെയുമൊക്കെ ടെന്‍ഷനുകള്‍ അനുഭവിക്കുന്നവര്‍ പലപ്പോഴും ഭക്തിമാര്‍ഗത്തിലേയ്ക്കു തിരിയുന്നതിന് ഒരു കാരണം അതിലൂടെ കിട്ടുന്ന ആശ്വാസമാണ്. ഭക്തിയെയും വിശ്വാസത്തെയും സാമാന്യബുദ്ധിയോടെയും വിവേചനബോധത്തോടെയും കൈക്കൊളളുന്നത് ടെന്‍ഷന് ആശ്വാസമേകും.
7.
    ഹോബികള്‍
രസകരമായ ഹോബികളുള്ളവര്‍ക്ക് അതില്‍മുഴുകിയിരിക്കുന്നത് എല്ലാത്തരം ടെന്‍ഷനുകളില്‍നിന്നും മോചനം നല്‍കാറുണ്ട്. ചിത്രരചന, പൂന്തോട്ട നിര്‍മാണം, കൗതുക വസ്തുനിര്‍മാണം, തുന്നല്‍, ചെറിയ കൃഷിപ്പണികള്‍, സ്റ്റാമ്പ് ശേഖരണം തുടങ്ങി ഓരോരുത്തര്‍ക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള ഹോബികള്‍ വളര്‍ത്തിയെടുക്കാം.
    8.സഞ്ചാരം
ജോലിത്തിരക്കുകളില്‍നിന്നുവിട്ട് എപ്പോഴെങ്കിലും യാത്രപോകുന്നത് മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും അകറ്റാന്‍ നല്ലതാണ്. കുടുംബാംഗങ്ങളെയും കൂട്ടി വല്ലപ്പോഴും ചെറിയ ചെറിയ യാത്രനടത്തുന്നത് കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജീവിതം കൂടുതല്‍ ആഹ്ലാദഭരിതമാക്കുന്നതിനും നല്ലതാണ്. ടെന്‍ഷനുള്ള സമയത്ത് വെറുതെ ഒരു സവാരിക്കിറങ്ങുന്നതും നല്ലതാണ്.
  9.മധുരസ്മരണകള്‍
ജീവിതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള ആഹ്ലാദകരമായ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് എപ്പോഴും ടെന്‍ഷനുകളില്‍നിന്ന് മോചനം നല്‍കാന്‍ സഹായിക്കും. ആഹ്ലാദകരമായ ഒരു യാത്രയുടെ, സ്‌നേഹമുള്ളവര്‍ക്കൊക്കം ചെലവഴിച്ച ആഹ്ലാദ നിമിഷങ്ങളുടെ സ്മരണയോ, കൂടെക്കൂടെ ചിരിപ്പിച്ച ഒരു തമാശയോ ഓര്‍ത്തെടുക്കുക.
10.
ഉത്കര്‍ഷവേളകള്‍
വീട്ടിലെല്ലാവരും ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ തുറന്നുപറയുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്ന രീതി വളര്‍ത്തിയെടുക്കണം.ഇങ്ങനെ എല്ലാ അംഗങ്ങളും ആഹ്ലാദത്തോടെയിരിക്കുന്ന സമയമാണ് ഉത്കര്‍ഷവേള. പലവീടുകളിലും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. അതുമാത്രം പോര. ദിവസവും കുറച്ചുനേരമെങ്കിലും എല്ലാവരും ഒരുമിച്ചിരുന്ന് തുറന്നു സംസാരിക്കണം. ഒറ്റക്കല്ല എന്ന ബോധം മനസ്സില്‍ വളരാനും പങ്കാളിത്തമനോഭാവം ഉണ്ടാകാനും ഇത് പ്രയോജനകരമാണ്.

'
ബി പോസിറ്റീവ്...'
ഏതു കാര്യമായാലും അതിന്റെ ദോഷവശങ്ങള്‍ മാത്രം കാണുന്ന ചിലരുണ്ട്. അത് ഒരു തരത്തിലും പ്രയോജനം ചെയ്യില്ല. ഏതു കാര്യമായാലും അതിന്റെ ഗുണവശങ്ങള്‍ കാണുന്നത് ശീലമാക്കുക. ജീവിതവിജയത്തിനും ആഹ്ലാദത്തിനും അത് ഏറെ സഹായകമായിരിക്കും. സ്വന്തം കഴിവുകള്‍ യാഥാര്‍ത്ഥ്യബോധത്തോടെ മനസ്സിലാക്കുകയും അതിനനുസരിച്ചു പ്രവര്‍ത്തിക്കുകയും വേണം. കഴിവുകളില്‍ വല്ലാതെ അഹങ്കരിക്കുകയും അമിതമായി വിശ്വസിക്കുകയും ചെയ്യുന്നവരുണ്ട്. അതു പലപ്പോഴും പരാജയത്തിലേക്കേ നയിക്കൂ. ലക്ഷ്യങ്ങളും ആഗ്രഹങ്ങളും കഴിവിനനുസരിച്ചു നിജപ്പെടുത്താന്‍ കഴിയണം
കടപ്പാട് മാതൃഭൂമി
 


2
വ്യക്‌തിത്വവികസനമാര്‍ഗങ്ങള്‍
 
പരസ്പരം കണ്ടുമുട്ടിയാല്‍ ആദ്യം കുശലം പറയണം.
.
ചിരിച്ചുവേണം പ്രസന്നമായ മുഖത്തോടുകൂടി വേണം സംസാരിക്കുവാന്‍.
.
വേണ്ടസമയത്തു ഹിതമായും രസമായും കാര്യമാത്ര പ്രസക്‌തമായും സംസാരിക്കണം.
.
ആരെയും മുഷിപ്പിക്കാതെ എല്ലാവരുമായും സൗഹാര്‍ദം ആഗ്രഹിക്കുന്നവര്‍ ഓരോരുത്തരുടെയും അപ്പഴപ്പോഴുള്ള മനോഗതിയെ സൂക്ഷിച്ചുനോക്കി മനസിലാക്കി ഏതിവിധത്തി ലായാല്‍ അവര്‍ക്കു സന്തോഷമുണ്ടാകുമോ ആ വിധത്തില്‍ അവരോടു പെരുമാറണം.
.
സാമര്‍ഥ്യമില്ലാത്തവനും ധൈര്യമില്ലാത്തവനുമാകരുത്‌. എന്നാല്‍ വേണ്ടാത്തിടത്തു ധീരത കാണിക്കയുമരുത്‌.
.
അധികസമയം വെറുതെ പാഴാക്കരുത്‌.
.
മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞുനടക്കരുത്‌.
സ്വയം സൂക്ഷി ക്കേണ്ടതാവശ്യമായ രഹസ്യങ്ങളൊന്നും പുറത്താക്കാനും ശ്രമിക്കരുത്‌.
.
എല്ലാവരിലും എല്ലാ കാര്യത്തിലും വിശ്വാസം വച്ചു കൊ ണ്ടിരിക്കരുത്‌. എന്നാല്‍ എപ്പോഴും സംശയാലുവായി ഇരിക്കരുത്‌.
.
ഒരാളെയും തന്റെ ശത്രുവാണ്‌ എന്നു വെളിപ്പെടുത്തരുത്‌. സ്വയം മറ്റൊരാളിന്റെ ശത്രുവാണ്‌ എന്നു പറഞ്ഞു നടക്കുക യുമരുത്‌. ആരിലും വിദ്വേഷം വച്ചുകൊണ്ടിരിക്കരുത്‌.
.
കുളിക്കുന്നതിനു മുമ്പു ധരിച്ച വസ്‌ത്രമോ നനഞ്ഞ വസ്‌ത്ര മോ കുളിച്ചതിനു ശേഷം ധരിക്കരുത്‌.
.
കുളിച്ചു തോര്‍ത്തിയാല്‍ ഈറന്‍ വസ്‌ത്രം തലയിലിടരുത്‌.
 ദിവസത്തില്‍ മൂന്നു പ്രാവശ്യം (അതായത്‌ അഞ്ചുദിവസം കൂടുമ്പോള്‍) താടിയും മീശയും നഖങ്ങളും മുറിച്ചു കളയണം.
.
വ്യായാമം, ഉറക്കം, ഉറക്കമൊഴിക്കല്‍, കുളി, വെള്ളംകുടി, ഭോജനം എന്നിവ അധികമായി ചെയ്യരുത്‌.
.
ശരീരം നേരേ വയ്ക്കാതെ തുമ്മുകയോ കിടക്കുകയോ ചെയ്യരുത്‌.
.
ഇന്ദ്രിയങ്ങള്‍ക്കു വശംവദനാകാതെ ചഞ്ചലമായ മനസിനെ ചുറ്റിത്തിരിയുവാന്‍ അനുവദിക്കരുത്‌.
.
കാര്യം സാധിച്ചാല്‍ വലിയ അളവു സന്തോഷിക്കുകയും സാധിക്കാതിരുന്നാല്‍ ദുഃഖിക്കുകയും ചെയ്യരുത്‌. വളരെക്കാലം ദുഃഖത്തോടെ ഇരിക്കരുത്‌.
.
വിനയം, ബുദ്ധി, വിദ്യ എന്നിവ ഉള്ളവരെയും വയോവൃദ്ധരെയും ആചാര്യന്മാരെയും ബഹുമാനിക്കണം.

എല്ലായ്പോഴും മനസില്‍ കാരുണ്യം സൂക്ഷിക്കുക, കഴിവു പോലെ വേണ്ടവര്‍ക്കു ദാനം ചെയ്യുക, ശരീരവാക്ക്‌ മനസു കള്‍ക്കു നിയന്ത്രണമുണ്ടായിരിക്കുക ഇവ എല്ലാം തന്നെ മതിയായ സദാചാരമാകുന്നു. എപ്പോഴും സൂക്ഷ്മദൃഷ്ടിയോടെ പ്രകൃതിയെ വീക്ഷിച്ചാല്‍ ഈ സദാചാരത്തെ പ്രകൃതിയില്‍ നിന്നു തന്നെ മനസിലാക്കാന്‍ ആര്‍ക്കും സാധിക്കും.

എന്തെങ്കിലും ലഭിച്ചാല്‍ കാക്ക തങ്ങളുടെ കൂട്ടത്തെ മുഴുവന്‍ വിളിച്ചറിയിച്ച ശേഷമേ ഭക്ഷിക്കാറുള്ളൂ എന്നതു പോലെയും കുട്ടികളെ വളര്‍ത്തുന്നതില്‍ നായയുടെ ആത്മാര്‍ഥത പോ ലെയും പ്രകൃതിയില്‍ നിന്നുള്ള പാഠങ്ങള്‍ക്കു മനുഷ്യന്‍ പരിഗണന നല്‍കണം


ഇന്‍റര്‍നെറ്റിനെ സൂക്ഷിക്കണേ...

ഇന്‍റര്‍നെറ്റ്‌ ബ്രൗസിങ്‌ ആസ്വദിക്കുന്ന ആരും അനുഭവിക്കാറുള്ള ഒരു പ്രത്യേക രോഗമാണു മറവി. ഇന്‍റര്‍നെറ്റിെ‍ന്‍റ ലോകത്തേക്കു കയറിക്കഴിഞ്ഞാല്‍ നമ്മള്‍ ചെയ്‌തുകൊണ്ടിരുന്ന കാര്യങ്ങള്‍ മറന്നുപോവുന്ന അവസ്ഥ. സൈറ്റുകള്‍ മാറി മാറി ഇങ്ങനെ പറന്നു നടക്കാന്‍ തോന്നും. ഇന്നത്തെ പുതുതലമുറയുടെ ഏറ്റവും കൂടുതല്‍ സമയം അപഹരിക്കുന്ന ഇന്‍റര്‍നെറ്റിെ‍ന്‍റ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ വഴിയുണ്ട്‌.

28.
ഇമെയില്‍ ഒരു ദിവസം ഇത്ര തവണയേ തുറക്കൂ എന്നു നമ്മള്‍ ആദ്യമേ തീരുമാനിക്കുക. അതിനു കൃത്യമായി സമയവും വയ്ക്കുക. ഓരോരുത്തരുടെയും ആവശ്യത്തിനനുസരിച്ച്‌ എണ്ണം നിശ്ചയിക്കാം.
29.
വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ക്കു നെറ്റില്‍ കയറുമ്പോള്‍ ഇമെയില്‍ അവസാനം ചെക്ക്‌ ചെയ്യുന്നതാവും ബുദ്ധി. നെറ്റില്‍ കയറുന്ന ആദ്യ മണിക്കൂറുകളില്‍ നമ്മള്‍ ഏറ്റവും ഫ്രഷ്‌ ആയിരിക്കും. ആ സമയം മെയിലുകള്‍ക്കു പിന്നാലെ പോയി പാഴാക്കരുത്‌.
30.
വരുന്ന മെയിലുകള്‍ക്ക്‌ അപ്പപ്പോള്‍ തന്നെ മറുപടി അയക്കുന്നതാണ്‌ നല്ലത്‌. പിന്നീട്‌ അയയ്ക്കാമെന്നു കരുതി മാറ്റിവച്ചാല്‍ ചിലപ്പോള്‍ മറുപടി അയയ്ക്കാന്‍ വിട്ടുപോവും. അല്ലെങ്കില്‍ മറുപടി അയ്‌യക്കാന്‍ വീണ്ടും ഇമെയില്‍ ഒന്നു കൂടി വായിക്കേണ്ടി വരും.
31.
നമുക്ക്‌ ആവശ്യമുള്ള വെബ്സൈറ്റുകളുടെ പേരുകള്‍ കുറിച്ചു വക്കുക.
32.
ഒന്നില്‍ കൂടുതല്‍ ഇമെയില്‍ ഐഡികളുടെ ആവശ്യമുണ്ടോ എന്നാലോചിക്കുക. ഓരോ ഐഡിയും തുറന്നു നോക്കുന്നതു സമയനഷ്ടമല്ലേ?
33.
നമുക്ക്‌ ആവശ്യമുണ്ടെന്നുറപ്പുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പ്രിനൃ എടുത്ത സൂക്ഷിക്കുകയോ ഒരു ഫോര്‍ഡറിലേക്കു മാറ്റുകയോ ചെയ്യാം. ഒരുപാടു സമയം പാഴാക്കി ശേഖരിച്ച വിവരങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ വീണ്ടും അതു സംഘടിപ്പിക്കാന്‍ എത്ര സമയം പാഴാക്കണം. ആവശ്യമില്ലാത്ത മെയിലുകള്‍ അപ്പപ്പോള്‍ ഡിലീറ്റ്‌ ചെയ്യുന്നതാണ്‌ ഉചിതം.
34.
ചില സന്ദര്‍ഭങ്ങളില്‍ ഒരു വെബ്സൈറ്റ്‌ ഓപ്പണായി വരാന്‍ സമയമെടുക്കും. അപ്പോള്‍ അതിനായി കാത്തിരിക്കാതെ നമുക്ക്‌ ആവശ്യമുള്ള മറ്റു സൈറ്റുകള്‍ ഓപ്പണ്‍ ചെയ്യാം.
35.
വളരെ പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടയില്‍ ഇമെയില്‍ അലേര്‍ട്ടുകള്‍ ഓഫ്‌ ചെയ്യുക. എത്ര പ്രധാനപ്പെട്ട ജോലി ചെയ്യുന്നതിനിടയിലും ഒരു ഇമെയില്‍ വന്നെന്നറിഞ്ഞാല്‍ തുറന്നു നോക്കണമെന്നു തോന്നുമല്ലോ.