2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ 2014 വെര്‍ഷന്‍ അവതരിപ്പിച്ചു

സാംസങ്ങ്‌ തങ്ങളുടെ ടാബ്ലറ്റ്‌ ശ്രേണിയിലേക്ക്‌ ഒരു പുതിയ അംഗത്തെക്കൂടി അവതരിപ്പിച്ചു. 2012 ഫെബ്രുവരി 27 ന്‌ അവതരിപ്പിച്ച 10 ഇഞ്ച്‌ ടാബ്ലറ്റായ ഗ്യാലക്‌സി നോട്ട്‌ 10.1 ന്റെ പുതിയ വെര്‍ഷനാണ്‌ ഗ്യാലക്‌സി നോട്ട്‌ 10.1 - 2014 എന്ന പേരില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്‌. 1.9Ghz ഒക്ടാകോര്‍(8 കോര്‍) പ്രോസസ്സസറാണ്‌ ഇതിന്റെ 3ജി മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാല്‍ എല്‍.ടി.ഇ മോഡലില്‍ 2.3Ghz ക്വാഡ്‌കോറാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആന്‍ഡ്രോയിഡ്‌ 4.3 ഓപ്പറേറ്റിംഗ്‌ സിംസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ മോഡലിന്‌ 3ജിബി റാമാണ്‌ കരുത്തുപകരുന്നത്‌. 

2560X1600 റെസല്യൂഷന്‍ പ്രദാനം ചെയ്യുന്ന ഡിസ്‌പ്ലെ ഐപ്പാഡിന്റെ റെറ്റിന ഡിസ്‌പ്ലേയേക്കാള്‍ ദൃശ്യമിഴിവ്‌ നല്‍കും. പിറകില്‍ 8 മെഗാപിക്‌സലും മുന്നില്‍ 2 മെഗാപിക്‌സലും ശേഷിയുളള ക്യമാറകളാണുളളത്‌. 16,32,64 ജിബി സ്റ്റോറേജ്‌ കപ്പാസിറ്റിയില്‍ ലഭ്യമാകുന്ന നോട്ടിന്‌ 8280mAh ബാറ്ററിയാണ്‌ കരുത്ത്‌ പകരുക. കഴിഞ്ഞ ദിവസം അവതരിപ്പിച്ച നോട്ട്‌ 3 ഫാബ്ലറ്റിലെ ഒട്ടുമിക്ക സവിശേഷതകളും പുതിയ 10.1 നോട്ടിലും സാംസങ്ങ്‌ ഉള്‍കൊളളിച്ചിട്ടുണ്ട്‌. 

ഒക്ടോബര്‍ മാസത്തോടുകൂടി വിപണിയില്‍ എത്തുന്ന നോട്ട്‌ 10.1 ന്‌ എന്ത്‌ വിലയാകുമെന്ന്‌ സാംസങ്ങ്‌ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മുന്‍ മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്രയും ഹാര്‍ഡ്‌വെയര്‍ കരുത്തുളള പുതിയ നോട്ടിന്‌ എന്തായാലും 40,000 രൂപയ്‌ക്ക്‌ മുകളില്‍ വില പ്രതീക്ഷിക്കാം. 

1 അഭിപ്രായം: