2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

സാള്‍ട്ട് ആന്റ് പെപ്പര്‍..... ഒരു ഉപ്പില്ലാ കഞ്ഞി


ഇന്നലെ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രം കാണാനിടയായി. ഏറെ പ്രതീക്ഷകളുമായാണ് ചിത്രം കാണാനിരുന്നത്. എന്നാല്‍ ചിത്രം എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. ഇൌ ചിത്രം കാണാത്തവരാണ് പലപ്പോഴും ഇതിനെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞിരുന്നത്. ചിത്രത്തിന്റെ മാര്‍ക്കറ്റിംഗിലും അണിയറ ശില്‍പ്പികള്‍ വിജയിച്ചു. അതുകൊണ്ടാവണം ചിത്രം മികച്ച ഹിറ്റായി മാറിയത്. ദുബായിലെ തീയേറ്ററുകളിലും ചിത്രം ഹൌസ്ഫുള്‍ ആണ്. കണ്ടവരക്കൊ റിവ്യൂകളിലും മറ്റും വായിച്ചും കേട്ടറിഞ്ഞതുമായ തരത്തിലുളള നല്ല അഭിപ്രായമാണ് പറയുന്നത്. തങ്ങളായി മാറ്റിപ്പറയേണ്ടതില്ലല്ലോ എന്ന ചിന്തയാകണം ഇതിന് പിന്നില്‍. 

ബാബുരാജ് എന്ന നടന്റെ വ്യത്യസ്തമായ കഥാപാത്രം ഒഴിച്ച് നിര്‍ത്തിയാല്‍ ഇതില്‍ എടുത്ത് പറയത്തക്കതായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. സ്ഥിരം വില്ലന്‍ വേഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കഥാപാത്രമാണ് ബാബുരാജിന്റേത്. അദ്ദേഹം തന്റെ കഥാപാത്രത്തെ മികച്ച രീതിയില്‍ അവതരിപ്പിച്ചു. അത്തരമൊരു കഥാപാത്രത്തെ ബാബുരാജിനെ ഏല്‍പ്പിക്കാന്‍ സംവിധായകനായ ആഷിക് അബു കാണിച്ച തന്റേടം പ്രശംസനീയം തന്നെ. മറ്റ് ചിത്രങ്ങളില്‍ അധികം കണ്ടിട്ടില്ലാത്ത തരത്തില്‍ സൌഹൃദസദസില്‍ സ്ത്രീകള്‍ മാത്രമിരുന്ന് മദ്യപിക്കുന്ന ഒരു സീനും ചിത്രത്തിലുണ്ട്. ചിത്രത്തിന് വ്യത്യസ്തത കൈവരുത്താനുളള സംവിധായകന്റെ ഗിമ്മിക്കായിരുന്നിരിക്കണം ഇതെന്ന് തോന്നുന്നു. ഒരു കാട്ടുമൂപ്പനെ ചുറ്റിപ്പറ്റിയുളള ചില സംഭവങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നുണ്ട്. ചിത്രം തുടങ്ങുന്നതുതന്നെ ഇവിടെ നിന്നുമാണ്. എന്നാല്‍ ചിത്രത്തില്‍ പ്രദിപാതിക്കുന്ന ഇത്തരം പല കാര്യങ്ങളിലും ഒരു പൂര്‍ണത കൈവരുന്നില്ല. അങ്ങനെ മൊത്തത്തില്‍ നോക്കുമ്പോള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ഒരു ഉപ്പില്ലാ കഞ്ഞിപോലെയാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ